ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ തനിഷ്ക് ജ്വല്ലറിയിൽ നിന്ന് 20 കിലോ സ്വർണം മോഷ്ടിച്ച കേസിൽ ഒരു യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ. മുഖ്യപ്രതി നിശാന്തിന്റെ അച്ഛൻ സുരേഷും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ മീനാക്ഷിയുമാണ് പിടിയിലായത്. ഒളിവിലുള്ള നിശാന്തിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
ബൈക്ക് ടാക്സി ഡ്രൈവറും യൂട്യൂബറുമാണ് നിശാന്ത്. മോഷണത്തിന് മുമ്പ് ഉപഭോക്താവെന്ന വ്യാജേന ഇയാൾ മൂന്ന് തവണ ജ്വല്ലറിയിലെത്തിയതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഓരോ തവണയും വ്യത്യസ്ത ഷർട്ടുകൾ ധരിച്ചിരുന്നെങ്കിലും ഒരേ തൊപ്പിയാണ് ഉപയോഗിച്ചിരുന്നത്.
നവംബർ അഞ്ചിന് പുലർച്ചെ ജ്വല്ലറിയിലെത്തിയത് മോഷണത്തിന് മുന്നോടിയായുള്ള പരിശോധനയായിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. നിശാന്തിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും മോഷ്ടിച്ച സ്വർണം കണ്ടെത്താനായില്ല.
മധുരയിലെ പാലങ്കാനത്തം ബൈപ്പാസ് റോഡിലുള്ള പുതുതായി ആരംഭിച്ച തനിഷ്ക് ഷോറൂമിലാണ് മോഷണം നടന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്ന കെട്ടിടത്തിൽ ലിഫ്റ്റിന്റെ ഭാഗത്തുകൂടി മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് അകത്തുകടന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
ഷോറൂമിലെ ഡിസ്‌പ്ലേ വിഭാഗത്തിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ലോക്കറുകളിലെ സ്വർണം സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നിട്ടും മോഷ്ടാവ് എങ്ങനെ ഷോറൂമിനുള്ളിൽ കടന്നുവെന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്.


