മുംബൈ : തന്റെ പിതാവിന്റെ 70-ാം ജന്മദിനത്തിൽ ‘പദുകോൺ സ്കൂൾ ഓഫ് ബാഡ്മിനോൺ’ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് ബോളിവുഡ് താരം ദീപിക പദുകോൺ. ബാഡ്മിന്റൺ താരവും തനറെ പിതാവുമായ പ്രകാശ് പദുക്കോണിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ദീപിക ഈ വാർത്ത പ്രഖ്യാപിച്ചത്. “ബാഡ്മിന്റൺ കളിച്ചു വളർന്ന ഒരാളെന്ന നിലയിൽ, ഈ കായിക വിനോദം ഒരാളുടെ ജീവിതത്തെ എത്രത്തോളം ശാരീരികമായും, മാനസികമായും, വൈകാരികമായും രൂപപ്പെടുത്തുമെന്ന് ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്.
പദുക്കോൺ സ്കൂൾ ഓഫ് ബാഡ്മിന്റൺ (പിഎസ്ബി) വഴി, ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളിലേക്ക് ബാഡ്മിന്റണിന്റെ സന്തോഷവും അച്ചടക്കവും എത്തിക്കാനും, ആരോഗ്യമുള്ളതും, കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും, സ്പോർട്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതുമായ ഒരു തലമുറയെ കെട്ടിപ്പടുക്കാനും ഞങ്ങൾ പ്രതീക്ഷിക്കുന്നു” സമൂഹമാധ്യമത്തിൽ ദീപിക കുറിച്ചു. അതേസമയം പദുക്കോൺ സ്കൂൾ ഓഫ് ബാഡ്മിന്റൺ പ്രതിവർഷം 75 കേന്ദ്രങ്ങളിലേക്ക് വികസിപ്പിക്കുകയും 2027 ആകുമ്പോഴേക്കും 250 കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്യുമെന്നും ദീപിക പറയുന്നു. ബെംഗളൂരു, എൻസിആർ, മുംബൈ, ചെന്നൈ, ജയ്പൂർ, പൂനെ, നാസിക്, മൈസൂരു, പാനിപ്പത്ത്, ഡെറാഡൂൺ, ഉദയ്പൂർ, കോയമ്പത്തൂർ, സാംഗ്ലി, സൂറത്ത് എന്നിവയുൾപ്പെടെ 18 ഇന്ത്യൻ നഗരങ്ങളിലായി 75 അടിസ്ഥാന പരിശീലന കേന്ദ്രങ്ങൾ പിഎസ്ബിക്ക് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം .






