ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബിൽ പാസാക്കുന്നതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്ര സർക്കാർ നീക്കമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 13-ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ മൺസൂൺ സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ലെന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് സൂചന. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. കേന്ദ്ര നിയമ-നീതിന്യായ സഹമന്ത്രി അർജുൻ റാം മേഘ്വാൾ ഏപ്രിൽ 16-നാണ് 2026-ലെ 131-ാം ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ ബിൽ, കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബിൽ എന്നിവ ലോക്സഭയിൽ അവതരിപ്പിച്ചത്. എന്നാൽ ഏപ്രിൽ 17-ന് നടന്ന വോട്ടെടുപ്പിൽ ആവശ്യമായ പിന്തുണ ലഭിക്കാതെ വന്നതോടെ ബില്ലുകൾ തള്ളപ്പെടുകയായിരുന്നു.
ഏപ്രിലിലെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിപക്ഷത്തിന്റെ അംഗബലത്തിൽ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 22 എം.പിമാരുണ്ടായിരുന്ന തൃണമൂൽ കോൺഗ്രസിൽ വലിയ പിളർപ്പുണ്ടായതായും മമത ബാനർജിയുടെ പക്ഷത്തുനിന്ന് 20 എം.പിമാർ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുമായി കൈകോർത്തതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ മുന്നണിയുടെ പ്രധാന ഘടകകക്ഷിയായിരുന്ന ഡി.എം.കെ ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമല്ല. ഡി.എം.കെ കേന്ദ്ര സർക്കാരിനെ പിന്തുണച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുന്ന തരത്തിലാണ് മണ്ഡല പുനർനിർണയ നിർദേശങ്ങളെന്ന ആരോപണം ഉന്നയിച്ചാണ് ഇന്ത്യ മുന്നണി ബില്ലിനെ എതിർത്തത്. പുതിയ നിർദേശങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ കൂടിയാലോചനകൾ നടത്താതെ വിപുലമായ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാനുള്ള നീക്കങ്ങൾക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
2023-ലെ 128-ാം ഭരണഘടനാ ഭേദഗതിയിലൂടെ നിലവിൽ വന്ന ‘നാരീശക്തി വന്ദൻ അധിനിയം’ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ഉറപ്പാക്കുന്നതാണ്. എന്നാൽ, നിയമം നടപ്പാക്കുന്നത് അടുത്ത സെൻസസിന് ശേഷമുള്ള മണ്ഡല പുനർനിർണയം പൂർത്തിയാകുന്നതുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബിൽ വീണ്ടും പാസാക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നതെന്നാണ് റിപ്പോർട്ടുകൾ.


