വാഷിങ്ടണ്‍: പാകിസ്താന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന് അമേരിക്കയുടെ ക്ഷണം. യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങിലേയ്ക്കാണ് അസം മുനീറിന് ക്ഷണം ലഭിച്ചിരിക്കുന്നത്. ജൂണ്‍ പതിനാലിനാണ് വാര്‍ഷികാഘോഷം തീരുമാനിച്ചിരിക്കുന്നത്.
ഇതേ ദിവസം തന്നെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജന്മദിനം. പ്രസിഡന്റ് സ്ഥാനത്ത് എത്തിയ ശേഷമുള്ള ആദ്യ ജന്മദിനമാണ് ട്രംപിന്റേത്. അതുകൊണ്ടുതന്നെ സൈനിക വാര്‍ഷികാഘോഷത്തിനൊപ്പം ട്രംപിന്റെ ജന്മദിനവും വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ട് പരിപാടികളിലും അസിം മുനീര്‍ പങ്കെടുക്കുമെന്നാണ് വിവരം.
പാകിസ്താനെ പുകഴ്ത്തി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ മൈക്കല്‍ കുറില ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ സൈന്യത്തിന്റെ വാര്‍ഷികാഘോഷ പരിപാടിയിലേക്ക് പാക് സൈനിക മേധാവിക്ക് ക്ഷണം ലഭിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്. ഭീകരതയെ നേരിടുന്നതില്‍ പാകിസ്താന് അസാധരണ പങ്കാളിത്തമുണ്ടെന്നായിരുന്നു മൈക്കല്‍ കുറില പറഞ്ഞത്. ഭീകര സംഘടനയായ ഇസ്‌ലാമിക്-ഖൊറസാനെതിരെ പാകിസ്താന്‍ വിജയകരമായി പോരാടി. പാകിസ്താനുമായും ഇന്ത്യയുമായും അമേരിക്ക ബന്ധം പുലര്‍ത്തണം. പാകിസ്താനുമായി അടുപ്പം ഉണ്ടെന്ന് കരുതി ഇന്ത്യയുമായി അത് പാടില്ലെന്ന് താന്‍ കരുതുന്നില്ലെന്നും മൈക്കല്‍ കുറില പറഞ്ഞിരുന്നു.






