തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സൗജന്യ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. കേസിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ലോകായുക്തയുടെ നടപടി. ജസ്റ്റിസ് എൻ. അനിൽകുമാറിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ സർക്കാരിനെ കൂടി കക്ഷി ചേർക്കണമെന്ന ആവശ്യവും ഹർജിക്കാരൻ ഉന്നയിച്ചിട്ടുണ്ട്. 2027 ജനുവരി 12നാണ് ഹർജി വീണ്ടും പരിഗണിക്കുക.
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര അഴിമതിയാണെന്നാണ് കെ.എം. ഷാജഹാന്റെ ആരോപണം. വിമാനയാത്രയ്ക്കുള്ള ചെലവ് ആരാണ് വഹിച്ചതെന്നും സ്പോൺസർഷിപ്പിന് പിന്നിലെ ഇടപാടുകൾ എന്താണെന്നും അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
മലപ്പുറത്തേക്ക് പോകുന്നതിനായി മുഖ്യമന്ത്രി വി.സി. സതീശൻ ചാർട്ടേഡ് വിമാനസൗകര്യം തേടിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. വിമാനം സ്പോൺസർ ചെയ്തതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ വിശദീകരണം. എന്നാൽ സ്പോൺസർ ആരാണെന്ന ചോദ്യം ഉയർന്നിട്ടും മുഖ്യമന്ത്രി ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല.
പിന്നീട് വിമാനത്തിന്റെ തുക ചിപ്സൺ ഏവിയേഷൻസാണ് നൽകിയതെന്ന വിവരം പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട ഇൻവോയിസും പുറത്തുവന്നിരുന്നു. എന്നാൽ ചിപ്സൺ ഏവിയേഷൻസിന് പണം മറ്റാരെങ്കിലും നൽകിയിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങൾ ഉയർന്നെങ്കിലും വ്യക്തമായ വിശദീകരണം ഉണ്ടായില്ല.
തുടർന്നാണ് കെ.എം. ഷാജഹാൻ ലോകായുക്തയെ സമീപിച്ചത്. വിമാനയാത്രയ്ക്കുള്ള സ്പോൺസർഷിപ്പ് അഴിമതിയായി കണ്ട് അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. അതേസമയം, സർക്കാർ ആവശ്യത്തിനുവേണ്ടിയാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്നും വിമാനം സ്പോൺസർ ചെയ്ത വ്യക്തിയുടെ പേര് വെളിപ്പെടുത്തേണ്ട ബാധ്യതയില്ലെന്നുമായിരുന്നു സർക്കാരിനുവേണ്ടി ടി. അസഫലി കോടതിയിൽ വാദിച്ചത്. ഹർജി തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സർക്കാർ വാദം അംഗീകരിക്കാതെ ലോകായുക്ത ഹർജിയിൽ തുടർനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയച്ചതോടെ വിമാനയാത്രാ വിവാദം വീണ്ടും സജീവമായിരിക്കുകയാണ്.
അതേസമയം, ചാർട്ടേഡ് വിമാനയാത്രാ വിവാദം യുഡിഎഫിനുള്ളിലും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ലോകായുക്തയുടെ തുടർനടപടികൾക്കൊപ്പം വിമാനയാത്രയുടെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വീണ്ടും ചർച്ചയാകുകയാണ്.


