ന്യൂഡൽഹി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പി. രാജീവ്. മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയായി വി.ഡി. സതീശൻ മാറിയെന്ന് പി. രാജീവ് ആരോപിച്ചു. മുഖ്യമന്ത്രി ആർലേക്കറുടെ അടിമയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും സംഘി മുഖ്യമന്ത്രിയുടെ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി നുണകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്നും പി. രാജീവ് കുറ്റപ്പെടുത്തി.
കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികൾക്കെതിരെ ആദ്യം വഴിതടഞ്ഞതിനാണ് കേസെടുത്തതെന്നും പിന്നീട് അത് വൈസ് ചാൻസലറെ കൈയേറ്റം ചെയ്ത കേസായി മാറിയത് ഗവർണറുടെ ഇടപെടലിനെ തുടർന്നാണെന്നും പി. രാജീവ് ആരോപിച്ചു. ഗവർണർ നേരിട്ട് ഡിജിപിയെ വിളിച്ചത് ചരിത്രത്തിൽ അപൂർവമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടെ ഇടപെടലിൽ മുഖ്യമന്ത്രി കുറ്റകരവും ഭരണഘടനാവിരുദ്ധവുമായ നിശബ്ദത പാലിച്ചുവെന്നും തുടർന്നാണ് ഗവർണറുടെ നിർദേശപ്രകാരം പൊലീസ് എഫ്ഐആറിൽ മാറ്റം വരുത്തിയതെന്നും പി. രാജീവ് ആരോപിച്ചു.
ഇത്തരം നടപടികളെ ചോദ്യം ചെയ്യുന്നതിന് പകരം മുഖ്യമന്ത്രി ഗവർണറുടെ നിലപാടുകൾക്ക് വഴങ്ങുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ആർലേക്കർ പറയുന്നത് മുഖ്യമന്ത്രിക്ക് വേദവാക്യമാണെന്നും ഒരു കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ വിദ്യാർഥികൾ ആക്രമണം നടത്തിയെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും പി. രാജീവ് പറഞ്ഞു.
മന്ത്രിസഭയുടെ ഉപദേശത്തിനും ശുപാർശയ്ക്കും അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ സർക്കാർ അഴിമതിയിലേക്കും ബിജെപി വിധേയത്വത്തിലേക്കും നീങ്ങുകയാണെന്നും പി. രാജീവ് ആരോപിച്ചു.
എല്ലാവരെയും എല്ലാക്കാലത്തേക്കും കബളിപ്പിക്കാൻ കഴിയില്ലെന്നും കുറച്ചുകാലത്തേക്ക് മാത്രമേ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയൂവെന്നും പറഞ്ഞ പി. രാജീവ്, മുഖ്യമന്ത്രി നുണകളുടെ ഫാക്ടറിയായി മാറിയെന്ന വിമർശനവും ആവർത്തിച്ചു.


