തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെറ്റ് ഷോപ്പ് ഉടമയെയും ഇയാളുടെ സുഹൃത്തും ജിം പരിശീലകനുമായ ആളെയുമാണ് പിടികൂടിയത്. കോവളം സ്വദേശികളായ അനൂപ്, റെജി എന്നിവരാണ് അറസ്റ്റിലായത്.
വളർത്തുമൃഗങ്ങളെ വിൽക്കുന്ന കടയിൽവെച്ചാണ് 16 വയസ്സുകാരിയായ വിദ്യാർഥിനി പീഡനത്തിനിരയായത്. സ്കൂൾ പഠനത്തിനുശേഷമുള്ള ഒഴിവുസമയങ്ങളിൽ പെൺകുട്ടി ഈ കടയിൽ ജോലിക്കെത്തിയിരുന്നു. ഇവിടെവെച്ച് കടയുടമയും ഇയാളുടെ സുഹൃത്തായ ജിം പരിശീലകനും ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിനെയും ചൈൽഡ് ലൈനിനെയും വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.


