ഇലക്ട്രിക് സ്‌കൂട്ടർ ആക്ടിവ ഇ: യ്‌ക്കായി പ്രതിമാസം 678 രൂപ വിലയുള്ള ഒരു പുതിയ BaaS ലൈറ്റ് പ്ലാൻ പ്രഖ്യാപിച്ച് ജാപ്പനീസ് ജനപ്രിയ ടൂവീല ബ്രാൻഡായ ഹോണ്ട. ഇലക്ട്രിക് വാഹന ഉടമസ്ഥാവകാശം കൂടുതൽ വിശാലമായ പ്രേക്ഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
ഹോണ്ട ആക്ടിവ ഇ യുടെ ഏറ്റവും വിലകുറഞ്ഞ ബാറ്ററി വാടക പ്രതിമാസം 678 രൂപ മാത്രമാണ്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ വിലയിൽ ജിഎസ്ടിയും ഈടാക്കും. കൂടാതെ ഈ ലൈറ്റ് പ്ലാൻ 20kWh പ്രതിമാസ ഉപയോഗത്തിലേക്ക് പരിമിതപ്പെടുത്തും. ദിവസേനയുള്ള ഓട്ടം കുറവുള്ള ആളുകൾക്കയാണ് കമ്പനി ഈ പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 31 ദിവസത്തെ മാസത്തിന് 678 രൂപ കണക്കാക്കിയാൽ, ഒരു ദിവസത്തെ ചെലവ് ഏകദേശം 21.87 രൂപയായിരിക്കും. അതേസമയം ജിഎസ്ടി ഈ വിലയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഇതിനുപുറമെ, 1999 രൂപ പ്രതിമാസ നിരക്ക് (ജിഎസ്‍ടി ഉൾപ്പെടെ) ഉള്ള ഉപഭോക്താക്കൾക്കായി കമ്പനി ഒരു അടിസ്ഥാന പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാൻ പ്രതിമാസം 35kWh ഉപയോഗത്തോടെയാണ് വരുന്നത്. പ്രതിദിനം 40 കിലോമീറ്ററോ അതിൽ കുറവോ ഓടുന്ന ആളുകൾക്കുള്ളതാണ് ഈ പ്ലാൻ. ലൈറ്റ്, ബേസിക് പ്ലാനുകൾക്ക് പുറമേ, ആക്ടിവ ഇയ്ക്ക് ഒരു അഡ്വാൻസ്‍ഡ് പ്ലാനും ലഭ്യമാണ്. ഈ പ്ലാൻ പ്രതിദിനം 100 കിലോമീറ്റർ വരെ ഓടുന്നവർക്കുള്ളതാണ്. 87kWh പ്രതിമാസ ഉപയോഗമുള്ള ഈ പ്ലാനിന് പ്രതിമാസം 3599 രൂപ ചിലവാകും.










