അമേരിക്കയില്‍ വില്‍ക്കുന്ന കൊക്കകോള ഉല്‍പ്പന്നങ്ങളില്‍ ഇനി മാറ്റം. കൊക്കകോളയിൽ ഇനി മുതൽ കരിമ്പില്‍ നിന്നുണ്ടാക്കുന്ന പഞ്ചസാര മാത്രം ഉപയോഗിക്കാന്‍ കമ്പനി സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലിലുടെയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം.
ട്രംപിന്റെ പേരും ‘ഷെയര്‍ എ കോക്ക് വിത്ത് ട്രംപ്’ എന്ന സന്ദേശവും പതിപ്പിച്ച ഒരു കൊക്കകോള കുപ്പിയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ട്രംപിന്റെ ഈ പ്രസ്താവനയോടെ, അമേരിക്കന്‍ ശീതളപാനീയങ്ങളില്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഹൈ-ഫ്രക്ടോസ് കോണ്‍ സിറപ്പിന് പകരം കരിമ്പിന്‍ പഞ്ചസാര ഉപയോഗിക്കുമെന്ന നിര്‍ണായക മാറ്റമാണ് സൂചിപ്പിക്കുന്നത്.
അമിതവണ്ണം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഹൈ-ഫ്രക്ടോസ് കോണ്‍ സിറപ്പ് വര്‍ഷങ്ങളായി വിമര്‍ശനം നേരിടുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കൊക്കകോളയുടെ ഈ നീക്കം. ട്രംപിൻ്റെ ഈ പ്രഖ്യാപനം ‘മേക്ക് കോക്ക് ഗ്രേറ്റ് എഗെയിന്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.






