കാസർഗോഡ് : തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതൃത്വവുമായുള്ള അതൃപ്തിയെ തുടർന്ന് കാസർകോട് പടന്നയിൽ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം രാജിവെച്ചു. ലീഗിന് സ്വാധീനമുള്ള മേഖലകളിൽ കോൺഗ്രസിന് സീറ്റ് നൽകിയതിനെതിരെ യൂത്ത് ലീഗ് പരസ്യമായി എതിർത്തിരുന്നു.
പിന്നാലെയാണ് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളുടെ രാജി. തൃക്കരിപ്പൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറി. ലീഗിന് സ്വന്തം നിലയിൽ ആയിരത്തിൽ പരം വോട്ടുള്ള വാർഡ് ചില ലീഗ് നേതാക്കൾ കോൺഗ്രസിന് സീറ്റ് വിട്ടുകൊടുത്തതായി ആരോപിച്ച് പടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് പ്രവർത്തകർ ഉപരോധിച്ചിരുന്നു.
നിലവിൽ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് പടന്ന. വാർഡ് വിഭജനത്തിന്റെ ആനുകൂല്യത്തിൽ ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. ഇതിനിടയിലാണ് ലീഗിലെ പൊട്ടിത്തെറി.






