കോട്ടയം: ജില്ലയിലെ തിരുവാർപ്പ് കുമരകം ഗ്രാമപഞ്ചായത്തുകളിൽ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. തിരുവാർപ്പിൽ സിപിഐ പ്രതിനിധിയും കുമരകത്ത് സിപിഎം പ്രതിനിധിയുമാണ് ഭരണസാരഥ്യത്തിലേക്ക് എത്തിയത്.
തിരുവാർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഒമ്പതാം വാർഡിൽ നിന്നുള്ള സിപിഐ അംഗം പി.എ. അബ്ദുൾ കരീം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തെരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷം വരണാധികാരി മുൻപാകെയാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.
കുമരകം പഞ്ചായത്തിൽ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഷിജോ മികച്ച വിജയം സ്വന്തമാക്കി. ശക്തമായ ത്രികോണ മത്സരം നടന്ന വോട്ടെടുപ്പിൽ രമ്യാ ഷിജോയ്ക്ക് 8 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായ സലീമ ശിവാത്മജന് 4 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി നീതു റെജിക്ക് 3 വോട്ടുകളുമാണ് ലഭിച്ചത്. വരണാധികാരിയുടെ നേതൃത്വത്തിൽ നടന്ന നടപടിക്രമങ്ങൾക്ക് ശേഷം പുതിയ ഭരണസാരഥികൾ ചുമതലയേറ്റു.




