തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ 54.44 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ ലുക്കൗട്ട് സര്‍ക്കുലര്‍ അടിസ്ഥാനത്തില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി പോയിക്കര വീട്ടില്‍ ജംഷാദ് ആണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ഏപ്രില്‍ 27 മുതല്‍ ജൂണ്‍ 16 വരെ ഓണ്‍ലൈന്‍ ട്രേഡിംഗില്‍ നിക്ഷേപം നടത്താമെന്ന് വിശ്വസിപ്പിച്ച് വലപ്പാട് സ്വദേശിയില്‍ നിന്ന് 54.44 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റി, ലാഭവിഹിതമോ നിക്ഷേപ തുകയോ തിരിച്ചുനല്‍കാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തട്ടിയെടുത്ത തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ചെക്കിലൂടെ പിന്‍വലിച്ച് മുഖ്യപ്രതികള്‍ക്ക് കൈമാറുകയും കമ്മീഷന്‍ കൈപ്പറ്റുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ബാങ്കോക്കിലേക്ക് പോകുന്നതിനായി ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എമിഗ്രേഷന്‍ അധികൃതര്‍ ഇയാളെ തടഞ്ഞുവെച്ച് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പ്രത്യേക സംഘം എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
മതിലകം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിമോദ് പി.എം., വലപ്പാട് പൊലീസ് എസ്.ഐമാരായ എബിന്‍ സി.എന്‍., ഹരി, ജി.എ.എസ്.ഐമാരായ ഭരതനുണ്ണി, ചഞ്ചല്‍, ജി.എസ്., സി.പി.ഒ. റഷീദ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.




