ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി നടൻ വിജയ് സിബിഐക്ക് മുമ്പാകെ ഹാജരായി. ദില്ലിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ നടന്നത്. ഇതോടെ മൂന്നാം തവണയാണ് വിജയിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
ഇതിന് മുമ്പ് ജനുവരി 12നും 19നും വിജയ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. അന്ന് നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് വീണ്ടും വിളിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. ചോദ്യം ചെയ്യൽ ചെന്നൈയിലേക്ക് മാറ്റണമെന്നോ ഹാജരാകാനുള്ള തീയതി മാറ്റണമെന്നോ വിജയ് ആവശ്യപ്പെട്ടിരുന്നെങ്കിലും സിബിഐ അത് അംഗീകരിച്ചിരുന്നില്ല.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് കരൂരിൽ വിജയിയുടെ പാർട്ടിയായ ടിവികെ സംഘടിപ്പിച്ച പൊതുയോഗത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചിരുന്നു. തുടർന്ന് ഒരു മാസം കഴിഞ്ഞ് സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.




