മലപ്പുറം: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ചുങ്കത്തറ കുന്നത്ത് പട്ടികവർഗ നഗറിൽ ശിവൻ–അംബുജം ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്.
ഞായറാഴ്ച രാത്രി കുഞ്ഞിന്റെ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആദ്യം ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ മാറ്റമില്ലാതിരുന്നതിനാൽ തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കഴിഞ്ഞ ഫെബ്രുവരി 16-നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അംബുജം കുഞ്ഞിനെ പ്രസവിച്ചത്.






