ആലപ്പുഴ: ദേശീയപാതയിലെ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ ബൈപ്പാസ് ജംഗ്ഷന് സമീപം അഴിച്ചുവെച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ച മൂന്ന് പേരെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. ഹൈമാസ്റ്റ് ലൈറ്റിനൊപ്പം കേബിൾ, വെൽഡിങ് ഉപകരണങ്ങൾ എന്നിവയും സംഘം മോഷ്ടിച്ചിരുന്നു. നിർമാണം നടത്തുന്ന കരാർ കമ്പനി അധികൃതർക്ക് മോഷണ വിവരം ആദ്യം അറിയില്ലായിരുന്നു.
തമിഴ്നാട്, ഇടുക്കി സ്വദേശികളായ സുരേഷ് (41), സോബിൻ (35), അയ്യപ്പൻ (26) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെ അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളിക്ക് പടിഞ്ഞാറ് ഭാഗത്ത് നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ സംശയാസ്പദ സാഹചര്യത്തിൽ ഇവരെ പോലീസ് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യുന്നതിനിടെ മോഷണ വിവരം പുറത്തുവന്നതായി പോലീസ് അറിയിച്ചു. സുരേഷും സോബിനും നിരവധി മോഷണ-അടിപിടി കേസുകളിൽ പ്രതികളാണെന്നും പോലീസ് വ്യക്തമാക്കി. അരൂർ എസ്.ഐ. വി.എ. അഭീഷിന്റെ നേതൃത്വത്തിൽ ടെൽസൺ തോമസ്, സുരേഷ് ബാബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




