കോഴിക്കോട്: 1980 മുതൽ ഇടതുകോട്ടയാണ് പേരാമ്പ്ര മണ്ഡലം.ജില്ലയിലെ ഉറച്ചസീറ്റെന്ന് സി.പി.എം. കണക്കുകൂട്ടുന്ന പ്രദേശം. പക്ഷേ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും മേഖലയിൽ വൻമുന്നേറ്റം നടത്തിയതോ യുഡിഫ്. വർഷങ്ങളായി എൽ.ഡി.എഫ്. കൈവശംവെച്ചിരുന്ന പഞ്ചായത്തുകൾ യു.ഡി.എഫ്. ഇത്തവണ പിടിച്ചെടുത്തിരുന്നു. പതിറ്റാണ്ടുകൾക്കുശേഷം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണവും യു.ഡി.എഫ്. നേടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 19,085 വോട്ടിന്റെ ലീഡ് ഷാഫി പറമ്പിലിന് പേരാമ്പ്ര മണ്ഡലപരിധിയിൽ ലഭിച്ചുചിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിലും എട്ടായിരത്തിലേറെ വോട്ടിന്റെ മേൽക്കൈ മണ്ഡല പരിധിയിലെ പഞ്ചായത്തുകളിൽനിന്ന് യു.ഡി.എഫിനുണ്ടായിരുന്നു.
എന്നാൽ ശക്തമായ കോട്ട ചലിക്കില്ല എന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഈ മേഖലയിൽ മുന്നേറ്റമുണ്ടാക്കിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിന് എൽ.ഡി.എഫ്. വിജയിച്ചു എന്നതാണ് അവർക്ക് ആത്മവിശ്വാസം പകരുന്നത്. ഇരുമുന്നണിയും എല്ലാ അടവും പയറ്റുമ്പോൾ പോരാട്ടത്തിന് വാശിയേറുകയാണ്. മുൻമന്ത്രികൂടിയായ എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ നാലാംതവണ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ മണ്ഡലം നിലനിർത്താമെന്ന കണക്കൂകൂട്ടലിലാണ് എൽ.ഡി.എഫ്. യു.ഡി.എഫിൽ എം.എസ്.എഫിലൂടെ വളർന്നുവന്ന യൂത്ത്ലീഗ് സംസ്ഥാനസെക്രട്ടറി ഫാത്തിമ തഹ്ലിയയെ ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എ.യിൽ ബി.ജെ.പി. കോഴിക്കോട് മേഖലാസെക്രട്ടറി എം. മോഹനനാണ് സ്ഥാനാർഥി.
കോട്ട കൈവിടില്ലന്ന് ഇടതുപക്ഷം ശ്കതമായി പറയുമ്പോൾ, രണ്ട് തവണ മാത്രം യുഡിഫിനെ തുണച്ച പേരാമ്പ്ര ഇത്തവണ ഞങ്ങൾക്ക് ഉള്ളത് ആണെന്നാണ് കോൺഗ്രസ് വാദം. മൂന്ന് മുന്നണികളും വാശിയോടെ പോരാടുമ്പോൾ ചുവപ്പു കോട്ട ചുവക്കുമോ അതോ മാറി ചിന്തിക്കുമോ എന്നത് ഇപ്പോഴും പ്രവചനാതീതമാണ്.




