കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാദ്ധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം. ചില മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മാത്രം മുഖ്യമന്ത്രി മറുപടി നൽകുന്നുവെന്നാണ് മാദ്ധ്യമപ്രവർത്തകർ ആരോപിച്ചത്. സിപിഎമ്മിന്റെ മുഖപത്രത്തിന്റെയും ചാനലിന്റെയും ചോദ്യങ്ങൾക്ക് മാത്രമാണ് മറുപടി നൽകുന്നതെന്ന് അവർ പറഞ്ഞു. ഇതിന് മറുപടിയായി ഇത്തരം ആരോപണം മോശമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
മൂന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകിയതിന് ശേഷം സമയം കഴിഞ്ഞതായി പറഞ്ഞ് മുഖ്യമന്ത്രി എഴുന്നേറ്റ് പോയി. എന്നാൽ ഇതിനെതിരെ മാദ്ധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് വീണ്ടും വേദിയിലേക്ക് മടങ്ങിയെത്തിയ മുഖ്യമന്ത്രി വിശദീകരണം നൽകി. “ചോദ്യം മനസിലുണ്ടായാൽ മാത്രം പോരാ, ചോദ്യം ചോദിക്കണം. എല്ലാവർക്കും എല്ലാ സമയവും ചോദിക്കാൻ അവസരം ലഭിക്കണമെന്നില്ല. സമയം കഴിഞ്ഞതിനാലാണ് അവസാനിപ്പിക്കുന്നത്,” എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തുടർന്ന് കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി വാർത്താ സമ്മേളനം അവസാനിപ്പിച്ചു.




