ന്യൂഡൽഹി: ഇന്ത്യയുടെ അതിർത്തി സുരക്ഷ കൂടുതൽ ശക്തമാക്കാൻ പുതിയ അത്യാധുനിക സാറ്റലൈറ്റ് നിരീക്ഷണ സംവിധാനം ഒരുങ്ങുന്നു. അമേരിക്കൻ സ്പേസ് ടെക്നോളജി കമ്പനിയായ ബ്ലാക്ക് സ്കൈ വികസിപ്പിച്ച ജെനറേഷൻ 3 സാറ്റലൈറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സാറ്റലൈറ്റുകൾക്ക് വളരെ ചെറിയ വസ്തുക്കളും വ്യക്തമായി കണ്ടെത്താനുള്ള കഴിവുണ്ട്. ഭൂമിയിൽ 35 സെന്റിമീറ്റർ വലുപ്പമുള്ള വസ്തുക്കൾ പോലും തിരിച്ചറിയാൻ ഇതിന് കഴിയും. അതിനാൽ അതിർത്തിയിലെ ചെറിയ നീക്കങ്ങൾ പോലും ഇനി നിരീക്ഷണത്തിൽ നിന്ന് മറയില്ല.
തെർമൽ ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് കാടുകളിലോ ഗുഹകളിലോ ഒളിച്ചിരിക്കുന്ന ആളുകളെയും കണ്ടെത്താൻ ഈ സാറ്റലൈറ്റുകൾക്ക് സാധിക്കും. കടലിനടിയിലൂടെ നീങ്ങുന്ന അന്തർവാഹിനികളെയും തിരിച്ചറിയാൻ കഴിയുന്നതും ഇതിന്റെ പ്രത്യേകതയാണ്.
കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ചിത്രങ്ങൾ വേഗത്തിൽ വിശകലനം ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ സൈന്യത്തിന് നൽകാനും കഴിയും. സംശയാസ്പദമായ നീക്കങ്ങൾ ഉണ്ടായാൽ ഉടൻ മുന്നറിയിപ്പും നൽകും. ഇന്ത്യൻ കമ്പനിയായ എൻഐബിഇയുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സാറ്റലൈറ്റ് വിവരങ്ങൾ സ്വീകരിക്കാനും വിശകലനം ചെയ്യാനും രാജ്യത്ത് ഗ്രൗണ്ട് സ്റ്റേഷനുകളും ഒരുക്കുന്നുണ്ട്. ഇത് രാജ്യസുരക്ഷ കൂടുതൽ ശക്തമാക്കുമെന്ന് വിലയിരുത്തുന്നു.




