കൊച്ചി: പാലക്കാട് നടന്ന തെരഞ്ഞടുപ്പ് സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ സ്ത്രീപീഡന കേസുകള്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഈശ്വര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളെ രാഹുല്‍ ഈശ്വര്‍ വിമര്‍ശിക്കുന്നത്. പ്രധാനമന്ത്രിയെ കൂടെ നിന്ന ആരോ തെറ്റിദ്ധരിപ്പിച്ചതാകാം എന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.
പാലക്കാട്ടെയും കേരളത്തിലെയും ജനങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും ഇത്തരം വാദങ്ങള്‍ അങ്ങേക്ക് ക്ഷീണമാണ് എന്നുമാണ് രാഹുല്‍ ഈശ്വര്‍ കുറിച്ചത്. കോടതികള്‍ വരെ തള്ളി കളഞ്ഞ കള്ളകേസാണ് മാങ്കൂട്ടത്തിലിനെതിരെയുള്ളത്. ലോക നേതാവായ നരേന്ദ്ര മോദി ഇത്തരത്തിലുള്ള ഒരു ദുര്‍ബല വിഷയം ഉന്നയിച്ചത് വിഷമം ഉണ്ടാക്കുന്ന കാര്യമണ്. പുരുഷ അവകാശ പ്രവര്ത്തകന് എന്ന നിലയില്‍ തനിക്ക് ഇക്കാര്യം വലിയ വിഷമം ഉണ്ടാക്കുന്നു.
ചാനല്‍ ചര്‍ച്ചകളില്‍ പലപ്പോഴും എതിര്‍ചേരിയില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. എന്നാല്‍ ആ യുവാവിനോട് പിണറായി സര്‍ക്കാര്‍ കാണിച്ചത് അനീതിയാണ്. ഇലക്ഷന് ജയിക്കാന്‍ മുഖ്യമന്ത്രി പിണറായി രാഹുലിന്റെ വിഷയം എടുത്തിടും പോലെ നമ്മുടെ ഇന്ത്യ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി മോദിജി രാഹുല്‍ വിഷയം പറഞ്ഞപ്പോള്‍ വിഷമം തോന്നിയെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
ദയവായി അന്തം കമ്മി ഫെമിനാസി, സ്ത്രീപക്ഷ നാടക വാദങ്ങള്‍ താങ്കളെ പോലെ ഭാരതത്തിന്റെ പ്രധാനമന്ത്രി ഉപയോഗിക്കരുതേ എന്നും രാഹുല്‍ കുറിച്ചു.




