തിരുവനന്തപുരം: ഡോ. പി. സരിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി ആവശ്യപ്പെട്ടത്. കെ-ഡിസ്ക് സ്ട്രാറ്റജിക് അഡ്വൈസറായി പ്രവർത്തിക്കുന്ന ഡോ. പി. സരിൻ ഔദ്യോഗിക പദവിയിൽ ഇരിക്കെ രാഷ്ട്രീയ ഉള്ളടക്കമുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ചീഫ് ഇലക്ടറൽ ഓഫീസർ വഴിയാണ് പരാതി സമർപ്പിച്ചത്.
പ്രതിമാസം ശമ്പളവും ഔദ്യോഗിക സൗകര്യങ്ങളും കൈപ്പറ്റുന്ന വ്യക്തി രാഷ്ട്രീയ പ്രചാരണത്തിൽ ഏർപ്പെടുന്നത് സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗമാണെന്ന് പരാതിയിൽ ആരോപിക്കുന്നു. അതിനാൽ അദ്ദേഹത്തെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് നീക്കുകയും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കൂടാതെ, അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നുള്ള രാഷ്ട്രീയ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു. പരാതിക്കൊപ്പം വിവാദ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളും മറ്റ് തെളിവുകളും സമർപ്പിച്ചതായി കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ അറിയിച്ചു.




