ഡൽഹി: ഡിജിറ്റൽ അറസ്റ്റുകളും നിക്ഷേപ തട്ടിപ്പുകളും തടയുന്നതിനായി കേന്ദ്രം വ്യാപക നടപടി ശക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ വിഭാഗമായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻറർ (I4C) സൈബർ കുറ്റവാളികൾക്കെതിരെ സമഗ്രമായ ‘ഡിജിറ്റൽ ആക്രമണം’ ആരംഭിച്ചതായി റിപ്പോർട്ട്.
2025 ആരംഭം മുതൽ തട്ടിപ്പുകളിൽ പങ്കാളികളായ 83,867 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും 3,962 സ്കൈപ്പ് ഐഡികളും ബ്ലോക്ക് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി കണ്ടെത്തിയ 8.45 ലക്ഷം സിം കാർഡുകളും 2.39 ലക്ഷം മൊബൈൽ ഐഎംഇഐ നമ്പറുകളും ഇതുവരെ തടഞ്ഞതായി കേന്ദ്രം വ്യക്തമാക്കി.
ഓൺലൈൻ തട്ടിപ്പുകൾക്ക് ഉപയോഗിച്ചിരുന്ന 827 മൊബൈൽ ആപ്പുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ ശക്തമായ നടപടികളെന്ന് കേന്ദ്രം അറിയിച്ചു.


