കൊല്ലം: ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് 19 വയസ്സുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. മുഖത്തല സജീവ് മന്ദിരത്തിൽ താമസിച്ചിരുന്ന തേജസാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം നടന്നത്. മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ കെട്ടുകാഴ്ചയിൽ ഫ്ലോട്ടിന് മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ തേജസ് അബദ്ധത്തിൽ ഒരാളുടെ കാലിൽ ചവിട്ടിയതാണെന്ന് പറയുന്നു. ഇതിനെ തുടർന്ന് പ്രകോപിതരായ ആറംഗ സംഘം തേജസിനെ വളഞ്ഞ് മർദിക്കുകയും പിന്നീട് കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചു. തുടർന്ന് വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കാരം നടത്തി. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
പുനലൂർ നെല്ലിപ്പള്ളി ഗവൺമെന്റ് കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റെനോഗ്രഫി അവസാന വർഷ വിദ്യാർത്ഥിയായിരുന്നു തേജസ്. അഞ്ചു വർഷങ്ങൾക്ക് മുൻപ് അച്ഛൻ സജീവ് അസുഖത്തെ തുടർന്ന് മരിച്ചു. അമ്മയും സഹോദരിയും അച്ഛന്റെ മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന് തേജസിന്റെ മരണം വലിയ ദുഃഖമായി. ഞായറാഴ്ച രാവിലെ പ്രതികളെ സംഭവസ്ഥലത്തും കത്തി ഉപേക്ഷിച്ച സ്ഥലത്തും തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ നാട്ടുകാർ ശക്തമായി പ്രതികരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.




