കൊച്ചി: ഇന്ത്യൻ സിനിമയിൽ അഭിനയത്തിന് പുറമെ സംവിധാനത്തിലും വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങൾ നിരവധിയാണ്. രാജ് കപൂർ, കമൽ ഹാസൻ മുതൽ പൃഥ്വിരാജ് സുകുമാരൻ, മോഹൻലാൽ തുടങ്ങിയവർ വരെ ഈ പട്ടികയിലുണ്ട്. എന്നാൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും ഒരിക്കൽ സംവിധായകന്റെ തൊപ്പിയണിയാൻ ഗൗരവമായി ആലോചിച്ചിരുന്നു എന്ന കാര്യമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഏതൊരു കലാകാരനെയും പോലെ മമ്മൂട്ടിയുടെ കരിയറിലും വലിയ വീഴ്ചകളുടെ ഒരു കാലമുണ്ടായിരുന്നു. 1980-കളുടെ മധ്യത്തിൽ അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും ബോക്സോഫീസിൽ പരാജയപ്പെട്ടതോടെ, മമ്മൂട്ടിയുടെ സിനിമാ ജീവിതം അവസാനിച്ചുവെന്ന് അന്ന് പലരും വിധിയെഴുതി. തുടർച്ചയായ പരാജയങ്ങൾ മമ്മൂട്ടിയെയും ഏറെ തളർത്തിയിരുന്നു. അഭിനയം നിർത്തിയാലോ എന്ന് പോലും അദ്ദേഹം ചിന്തിച്ച നിമിഷങ്ങളായിരുന്നു അത്.
സിനിമയോടുള്ള അടക്കാനാവാത്ത അഭിനിവേശം കാരണം മേഖല ഉപേക്ഷിച്ചു പോകാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അഭിനയത്തിന് പകരമായി ക്യാമറയ്ക്ക് പിന്നിൽ നിൽക്കാനായിരുന്നു അന്ന് അദ്ദേഹം കണ്ട വഴി. എന്നാൽ പിന്നീട് അവിശ്വസനീയമായ തിരിച്ചുവരവാണ് മമ്മൂട്ടി നടത്തിയത്. ആ പരാജയങ്ങളിൽ തളരാതെ മുന്നോട്ട് പോയത് കൊണ്ടാണ് ഇന്ത്യൻ സിനിമയ്ക്ക് പകരം വെക്കാനില്ലാത്ത നടനായി അദ്ദേഹം മാറിയത്. ഷീല, മധു, വേണു നാഗവള്ളി, പൃഥ്വിരാജ് തുടങ്ങിയവർക്ക് പിന്നാലെ മോഹൻലാലും ‘ബറോസിലൂടെ’ സംവിധാനത്തിലേക്ക് കടക്കുമ്പോൾ മമ്മൂട്ടിയും ഒരിക്കൽ ആ പാതയെക്കുറിച്ച് ചിന്തിച്ചിരുന്നു എന്നത് കൗതുകകരമാണ്.















