കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി അഞ്ജലി നായർ തന്റെ പേര് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ബാലറ്റിലും ഇവിഎമ്മിലും ‘അഞ്ജലി പി.വി.’ എന്നതിനുപകരം വോട്ടർമാർക്ക് പരിചിതമായ ‘അഞ്ജലി നായർ’ എന്ന പേര് ഉൾപ്പെടുത്തണമെന്നാണ് ഹർജിയിലെ ആവശ്യം.
നിലവിൽ സ്ഥാനാർഥിപ്പട്ടികയിലും വോട്ടിങ് യന്ത്രങ്ങളിലും ‘അഞ്ജലി പി.വി.’ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പേര് വോട്ടർമാർക്ക് പരിചിതമല്ലെന്നും, അതിനാൽ തനിക്ക് ലഭിക്കേണ്ട വോട്ടുകൾ ബാധിക്കാമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രചാരണ സാമഗ്രികൾ എല്ലാം ‘അഞ്ജലി നായർ’ എന്ന പേരിലാണ് ഉപയോഗിക്കുന്നതെന്നും, ബാലറ്റിലെ വ്യത്യാസം വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും അവർ വ്യക്തമാക്കി.
ഹർജി പരിഗണിച്ച ഹൈക്കോടതി വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ മാറ്റം വരുത്തുക പ്രായോഗികമായി ബുദ്ധിമുട്ടാകാമെന്നാണ് വിലയിരുത്തൽ. നോമിനേഷനിൽ നൽകിയ പേരാണ് സാധാരണയായി ബാലറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിനിടെ വീടുകളിലെത്തിയുള്ള വോട്ടെടുപ്പും സർവീസ് വോട്ടുകളും ആരംഭിക്കുന്ന സാഹചര്യത്തിൽ പേര് മാറ്റം സങ്കീർണമാകാനിടയുണ്ട്.


