കൊച്ചി: ഇടിമിന്നലേറ്റ് 13കാരി മരിച്ചു. പെരുമ്പാവൂർ മഞ്ഞപ്പെട്ടി സ്വദേശികളായ അഫ്സലിന്റെയും നൗഫിയയുടെയും മകൾ നഫീസത്തുൽ മിസ്രിയയാണ് മരിച്ചത്. തൊടുപുഴയ്ക്ക് സമീപമുള്ള ഉറവപ്പാറയിൽ സന്ദർശനത്തിനിടെ ഉണ്ടായ കനത്ത മഴയും ഇടിമിന്നലുമാണ് അപകടത്തിന് കാരണമായത്.
കുടുംബത്തോടൊപ്പം പാറക്കെട്ടിൽ ഇരിക്കുമ്പോഴായിരുന്നു മിന്നലേറ്റ് അപകടം സംഭവിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മിസ്രിയയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മിസ്രിയയുടെ പിതാവ് അഫ്സലിനും പ്രദേശവാസിയായ ഗോകുൽ രാജിനും പരിക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.




