തമിഴ്നാട് രാഷ്ട്രീയം തിരഞ്ഞെടുപ്പിന്റെ ഉച്ചസ്ഥായിയിൽ നിൽക്കെ, ദ്രാവിഡ രാഷ്ട്രീയത്തിന്റെ കരുത്തും ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ ദൗർബല്യവും ഒരേസമയം ചർച്ചയാവുകയാണ്. തമിഴ് ജനതയുടെ ഹൃദയമിടിപ്പറിഞ്ഞുള്ള മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പടനീക്കം ഒരു വശത്ത് തമിഴ്നാടിനെ വികസനക്കുതിപ്പിലേക്ക് നയിക്കുമ്പോൾ, മറുവശത്ത് ഗ്രൂപ്പ് പോരിലും ഏകോപനമില്ലായ്മയിലും തട്ടി ഉലയുന്ന കോൺഗ്രസിനെയാണ് രാജ്യം കാണുന്നത്. സ്റ്റാലിൻ 2.0 എന്ന ലക്ഷ്യത്തിലേക്ക് മുഖ്യമന്ത്രി ആത്മവിശ്വാസത്തോടെ ചുവടുവെക്കുമ്പോൾ, സ്വന്തം അധ്യക്ഷനെപ്പോലും ഒപ്പം നിർത്താൻ കഴിയാത്ത ദയനീയാവസ്ഥയിലാണ് കോൺഗ്രസ് ക്യാമ്പ്. തമിഴ് മണ്ണിന്റെ രാഷ്ട്രീയം വ്യക്തിത്വമുള്ള നേതാക്കളെയും വ്യക്തമായ ലക്ഷ്യബോധമുള്ള പ്രസ്ഥാനങ്ങളെയും മാത്രമാണ് നെഞ്ചിലേറ്റിയിട്ടുള്ളത്. അവിടെയാണ് ഒരു വശത്ത് വ്യക്തമായ കർമ്മപദ്ധതികളുമായി സ്റ്റാലിൻ തിളങ്ങുന്നതും മറുവശത്ത് ദിശാവെളിച്ചമില്ലാതെ കോൺഗ്രസ് ഇരുട്ടിൽ തപ്പുന്നതും.
തിരഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ മാണിക്കം ടാഗോർ എം.പി. തന്റെ സ്ഥാനം രാജിവെച്ചത്. ഡി.എം.കെ. മുന്നണിയിൽ 28 സീറ്റുകൾ കോൺഗ്രസിന് ലഭിച്ചിട്ടും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ വൈകുന്നതിലുള്ള ശക്തമായ പ്രതിഷേധമാണ് ടാഗോർ പരസ്യമാക്കിയത്. അഖിലേന്ത്യാ അധ്യക്ഷൻ മല്ലികാർജുന ഖർഗെയ്ക്ക് അദ്ദേഹം നൽകിയ രാജിക്കത്ത് കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറികളുടെ തെളിവാണ്. നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പ് സന്ധ്യയിൽ തമിഴ്നാട്ടിലെ പാർട്ടി സംവിധാനം നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ മെല്ലെപ്പോക്കും ഗ്രൂപ്പ് വഴക്കും കാരണം പ്രചാരണ രംഗത്ത് കോൺഗ്രസ് പിന്നിലാകുമെന്ന ടാഗോറിന്റെ മുന്നറിയിപ്പ് ഹൈക്കമാൻഡിന് അടിച്ച കനത്ത പ്രഹരമാണ്. സീറ്റുകൾ ചോദിച്ചുവാങ്ങാൻ കാണിച്ച ആവേശം ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് കാട്ടിയില്ല എന്നത് ദൗർഭാഗ്യകരമാണ്. സ്വന്തം വീട് നേരെയാക്കാൻ കഴിയാത്തവർ എങ്ങനെയാണ് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ചോദ്യം വോട്ടർമാരിൽ നിന്നും ഉയരുന്നുണ്ട്.
ഡി.എം.കെ. ക്യാമ്പിൽ കൃത്യമായ പ്ലാനിംഗും ജനകീയതയും പ്രകടമാണ്. ഒരു ഭരണാധികാരി എന്ന നിലയിൽ എം.കെ. സ്റ്റാലിൻ നടത്തിയ വിപ്ലവകരമായ മാറ്റങ്ങൾ പ്രകടനപത്രികയിലൂടെ വീണ്ടും അടിവരയിടുകയാണ്. സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും ക്ഷേമത്തിന് മുൻഗണന നൽകുന്ന സ്റ്റാലിന്റെ ശൈലി ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിന് തന്നെ മാതൃകയാണ്. സ്ത്രീകൾക്ക് നൽകിവരുന്ന പ്രതിമാസ ധനസഹായം 1000 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനം തമിഴകത്തെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ വലിയ തരംഗമാണ്. ഇത് കേവലം തിരഞ്ഞെടുപ്പ് തന്ത്രമല്ല, മറിച്ച് ദ്രാവിഡ മോഡൽ ഭരണത്തിന്റെ തുടർച്ചയാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങളെയും വാഗ്ദാനങ്ങളെയും മുൻകൂട്ടി കണ്ട് ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതികൾ നടപ്പിലാക്കാൻ സ്റ്റാലിന് സാധിച്ചു.
ബി.ജെ.പിയുടെ രാഷ്ട്രീയ ചതിക്കുഴികളെ തമിഴ് മണ്ണ് എക്കാലത്തും ചെറുത്തുതോൽപ്പിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ നീക്കങ്ങൾ തിരിച്ചറിഞ്ഞ് സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ എത്തിക്കാൻ സാധിച്ചത് തന്റെ സർക്കാരിന്റെ വലിയ നേട്ടമാണ്.തമിഴ്നാടിന്റെ സാംസ്കാരിക അസ്തിത്വം കാത്തുസൂക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക പുരോഗതിയും ഉറപ്പാക്കുന്ന സ്റ്റാലിന്റെ നേതൃത്വത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. സ്റ്റാലിൻ 2.0 എന്നത് ഇപ്പോൾ വെറുമൊരു മുദ്രാവാക്യമല്ല, മറിച്ച് തമിഴ് ജനതയുടെ ഉറച്ച തീരുമാനമായി മാറി.ഓരോ തെരുവിലും ഓരോ ഗ്രാമത്തിലും സ്റ്റാലിൻ എന്ന നേതാവിനോടുള്ള വിശ്വാസം വർധിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്. വിദ്വേഷ രാഷ്ട്രീയത്തിന് തമിഴ് മണ്ണിൽ സ്ഥാനമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാനുള്ള കരുത്ത് സ്റ്റാലിൻ ഓരോ വേദിയിലും പ്രകടിപ്പിക്കുന്നു.
കോൺഗ്രസിന്റെ കാര്യമെടുത്താൽ, ആഭ്യന്തര കലഹം പരിഹരിക്കാൻ കഴിയാത്തതാണ് അവരുടെ ഏറ്റവും വലിയ ശാപം. ഡി.എം.കെ. നൽകിയ 28 സീറ്റുകൾ വലിയ അവസരമാണെന്നിരിക്കെ, അത് പാഴാക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് പാർട്ടിയിൽ നിന്ന് ഉണ്ടാകുന്നത്. മാണിക്കം ടാഗോറിനെപ്പോലൊരു മുതിർന്ന നേതാവ് ഈ നിർണ്ണായക ഘട്ടത്തിൽ പടിയിറങ്ങുന്നത് അണികളുടെ മനോവീര്യം തകർത്തിട്ടുണ്ട്.സ്ഥാനാർത്ഥി നിർണ്ണയത്തിനായി ഡൽഹിയിലെ എ.ഐ.സി.സി ഓഫീസിന് മുന്നിൽ നേതാക്കൾ ക്യൂ നിൽക്കുമ്പോൾ, സ്റ്റാലിൻ തമിഴ്നാടിന്റെ മുക്കിലും മൂലയിലും ജനങ്ങൾക്കൊപ്പം പ്രചാരണത്തിലാണ്. സ്വന്തം പാളയത്തിലെ പടലപ്പിണക്കങ്ങൾ തീർക്കാൻ കഴിയാത്ത കോൺഗ്രസിന് എങ്ങനെയാണ് കരുത്തുറ്റ ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയുക എന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകരെപ്പോലും ചിന്തിപ്പിക്കുന്നു. സഖ്യകക്ഷിയായ ഡി.എം.കെ കാണിക്കുന്ന ആവേശം ഉൾക്കൊള്ളാൻ പോലും കഴിയാത്ത വിധം കോൺഗ്രസ് തളർന്നുപോയിരിക്കുന്നു.
അതേസമയം, ഡി.എം.കെ. തങ്ങളുടെ സംഘടനാ സംവിധാനം കൂടുതൽ ശക്തമാക്കി മുന്നേറുകയാണ്. സ്റ്റാലിൻ എന്ന നായകന്റെ കീഴിൽ എല്ലാ ഘടകകക്ഷികളെയും ഒന്നിപ്പിച്ചു നിർത്തുന്നതിനൊപ്പം ജനകീയ പദ്ധതികൾ കൃത്യസമയത്ത് എത്തിക്കാനും അവർക്ക് സാധിക്കുന്നു. വികസനവും ക്ഷേമവും ഒത്തുചേരുന്ന സ്റ്റാലിൻ പ്രഭാവത്തിന് മുന്നിൽ പ്രതിപക്ഷ നീക്കങ്ങൾ നിഷ്പ്രഭമാവുകയാണ്.















