ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2025-26 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് ഉയരത്തിലെത്തി. 38,424 കോടി രൂപയുടെ കയറ്റുമതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻവർഷമായ 2024-25ൽ 23,622 കോടി രൂപയായിരുന്ന കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ 62.66 ശതമാനം വർധനവാണ് ഉണ്ടായത്. ഇസ്രായേൽ, അമേരിക്ക ഉൾപ്പെടെ ഏകദേശം 80 രാജ്യങ്ങളിലേക്ക് നടത്തിയ കയറ്റുമതിയിലൂടെ 14,802 കോടി രൂപയുടെ അധിക വരുമാനവും നേടാനായി.
മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം പൊതുമേഖലാ പ്രതിരോധ സ്ഥാപനങ്ങളാണ് ഏറ്റവും വലിയ വളർച്ച കൈവരിച്ചത്. 2024-25ലെ 8,389 കോടി രൂപയിൽ നിന്ന് 2025-26ൽ 21,071 കോടി രൂപയായി കയറ്റുമതി ഉയർന്നത് 151 ശതമാനം വളർച്ചയാണ് സൂചിപ്പിക്കുന്നത്.
സ്വകാര്യ മേഖലയിലും വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ 15,233 കോടി രൂപയിൽ നിന്ന് 17,353 കോടി രൂപയായി കയറ്റുമതി വർധിച്ചു. ഇതോടെ ഇതുവരെ മുന്നിലുണ്ടായിരുന്ന സ്വകാര്യ മേഖലയെ മറികടന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ മുൻനിരയിലെത്തി. നിലവിൽ മൊത്തം കയറ്റുമതിയിലെ 54.84 ശതമാനം പങ്ക് പൊതുമേഖലാ കമ്പനികൾക്കാണ്.
പ്രതിരോധ കയറ്റുമതിക്കാരുടെ എണ്ണവും വർധിച്ചു. 128ൽ നിന്ന് 145 ആയി ഉയർന്നത് 13.3 ശതമാനം വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യൻ പ്രതിരോധ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണിയിൽ ലഭിക്കുന്ന സ്വീകാര്യതയാണ് ഈ വളർച്ചയ്ക്ക് പിന്നിലെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. 80 രാജ്യങ്ങളിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ ഉയർന്നതായും പ്രതിരോധ മന്ത്രി വ്യക്തമാക്കി.













