ന്യൂഡല്‍ഹി: വിവാദമായ എഫ്സിആര്‍എ ബില്‍ ലോക്സഭ ഇന്ന് ചര്‍ച്ചയ്ക്കെടുക്കില്ല. സഭ തുടങ്ങിയപ്പോള്‍ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തിയതിനു പിന്നാലെയാണ് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഇന്ന് പരിഗണിക്കാനായി കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവസാന നിമിഷം പരിഗണിക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. വലിയ പ്രതിഷേധമാണ് വിഷയത്തിൽ ന്യൂനപക്ഷങ്ങളിൽ നിന്ന് ഉയർന്നത്.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പും ക്രൈസ്തവ സഭകളുടെ എതിര്‍പ്പും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്നാണ് ബില്‍ പരിഗണിക്കുന്നത് മാറ്റിയതെന്നാണ് സൂചന. പ്രതിപക്ഷം രാവിലെ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം നടത്തിയിരുന്നു. ബജറ്റ് സമ്മേളനം ഏപ്രില്‍ രണ്ടിന് സമാപിക്കും. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കിരണ്‍ റിജിജു ആരോപിച്ചു.




