ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലദേശ് അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ പാമ്പുകളെയും മുതലകളെയും കാവൽക്കാരായി ഉപയോഗിക്കാൻ ബിഎസ്എഫ്. അതിർത്തിയിലെ നദീതടങ്ങളിലും ചതുപ്പുനിലങ്ങളിലും നുഴഞ്ഞുകയറ്റം തടയുന്നതിനായാണ് പ്രകൃതിദത്തമായ പ്രതിരോധ മാർഗങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ബിഎസ്എഫിൽ ചർച്ചകൾ നടത്തിയത്.
സാധാരണ രീതിയിലുള്ള വേലികൾ കെട്ടാൻ സാധിക്കാത്ത ദുർഘടമായ ഇടങ്ങളിലാണ് ഈ പദ്ധതി പരിഗണിക്കുന്നത്. 4,096 കിലോമീറ്റർ നീളമുള്ള ഇന്ത്യ-ബംഗ്ലദേശ് അതിർത്തിയിൽ ഏകദേശം 175 കിലോമീറ്ററോളം പുഴകളും ചതുപ്പുകളുമാണ്. ഇവിടെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുക പ്രായോഗികമല്ല. നിലവിൽ ഇക്കാര്യത്തിൽ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇതോടൊപ്പം തന്നെ ഡ്രോണുകൾ, സെൻസറുകൾ, ക്യാമറകൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കാനും ബിഎസ്എഫ് നടപടി സ്വീകരിക്കുന്നുണ്ട്.




