ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുരയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 13 ആയി. മരിച്ചവരിൽ ഭൂരിഭാഗവും പഞ്ചാബിലെ ലുധിയാന സ്വദേശികളായ വിനോദസഞ്ചാരികളാണ്. മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
എൻഡിആർഎഫ്, എസ്ഡിആർഎഫ്, പ്രാദേശിക പൊലീസ് എന്നിവർ സംയുക്തമായാണ് യമുനാ നദിയിൽ തിരച്ചിൽ നടത്തുന്നത്. ശക്തമായ ഒഴുക്കും ആഴവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് പുറത്തു വരുന്ന വിവരം. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണെന്ന് ഡിഐജി അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് വൃന്ദാവനിലെ യമുനാ നദിയിൽ ബോട്ട് മറിഞ്ഞത്. ഏകദേശം 40 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് ശക്തമായ ഒഴുക്കിൽപ്പെട്ട് പോണ്ടൂൺ പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. കൂടുതൽ ആളുകളെ കയറ്റിയതും അപകടത്തിന് കാരണമായതായി സംശയിക്കുന്നു.




