കുമരകം: കായൽപരപ്പിലെ കരുത്തിന്റേയും വേഗതയുടേയും പോരാട്ടവീര്യവുമായി 2026-ലെ നെഹ്‌റു ട്രോഫി ജലോത്സവത്തിനായി കുമരകം ടൗൺ ബോട്ട് ക്ലബ് (KTBC) ഒരുക്കങ്ങൾ തുടങ്ങി. ഈ വർഷത്തെ മത്സരങ്ങൾക്കായുള്ള കായിക പരിശീലന ക്യാമ്പ് ആവേശകരമായ ചടങ്ങുകളോടെയാണ് കുമരകത്ത് ആരംഭിച്ചത്. പുത്തൻ ചുണ്ടനായ ‘നിരണം പുണ്യളനിൽ’ ആണ് ഇത്തവണ കുമരകം ടൗൺ ബോട്ട് ക്ലബ് അങ്കത്തിനിറങ്ങുന്നത്. ക്ലബ്ബിന്റെ കരുത്തും പാരമ്പര്യവും ഒത്തുചേരുമ്പോൾ കിരീടത്തിൽ കുറഞ്ഞതൊന്നും തങ്ങൾ ലക്ഷ്യമിടുന്നില്ലെന്ന് ക്ലബ് ഭാരവാഹികൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ശ്രീകുമാരമംഗലം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പ്രഥമ ക്യാപ്റ്റൻ സമ്പത്ത് കണിയാംപറമ്പിൽ പരിശീലന പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ. മിഥുൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അജയഘോഷ് സ്വാഗതവും കെ.ജി. ബിനു നന്ദിയും രേഖപ്പെടുത്തി. ഈ വർഷത്തെ ക്യാപ്റ്റൻ റെന്നി ഫിലിപ്പോസ്, അനിൽ എൻ.പി, വി.എസ്. സുഗേഷ് എന്നിവർ കായിക താരങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി സംസാരിച്ചു. പ്രശസ്ത പരിശീലകൻ സുനിൽ കൈനകരിയുടെ കടുപ്പമേറിയ ശിക്ഷണത്തിലാണ് ഇത്തവണ ടീം തയാറെടുക്കുന്നത്. വരും ദിവസങ്ങളിൽ പരിശീലനം കൂടുതൽ ഊർജിതമാക്കാനാണ് ക്ലബ്ബിന്റെ തീരുമാനം.




