റാഞ്ചി: ട്രെയിനിൽ യാത്രക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. ബരിയാട്ടു പൊലീസ് സ്റ്റേഷൻ പരിധിയിലെ സർതാജ് സ്വദേശികളായ അകീബ് ഖാൻ (21), റെഹാൻ ഖാൻ (20) എന്നിവരെയാണ് പിടികൂടിയത്. വ്യാഴാഴ്ച ഹൗറ-ഹതിയ ക്രിയാ യോഗ എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ നിന്നാണ് ഇരുവരെയും ആർപിഎഫ് അറസ്റ്റ് ചെയ്തത്.
അകീബ് ഖാനെതിരെ നേരത്തെ നാല് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. അനധികൃത ആയുധ വിതരണ സംഘവുമായി ഇരുവർക്കും ബന്ധമുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ടാറ്റ നഗറിൽ നിന്ന് കൈപ്പറ്റേണ്ടിയിരുന്ന ആയുധങ്ങൾ വൈകിയെത്തിയതിനെ തുടർന്ന് അവ ലഭിക്കാതിരുന്നതോടെയാണ് പ്രതികൾ ട്രെയിനിന്റെ ജനറൽ കോച്ചിൽ കയറിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
യാത്രയ്ക്കിടെ ഒരാൾ നാടൻ പിസ്റ്റൾ കാട്ടി യാത്രക്കാരിയെ ഭീഷണിപ്പെടുത്തുകയും മറ്റേയാൾ അസഭ്യം പറയുകയും ചെയ്തു. യാത്രക്കാരി വിവരം അറിയിച്ചതോടെ അടുത്ത കോച്ചിലുണ്ടായിരുന്ന ആർപിഎഫ് സംഘം ഉടൻ ഇടപെട്ട് ഇരുവരെയും പിടികൂടി. ട്രെയിൻ റാഞ്ചി സ്റ്റേഷനിലെത്തിയ ശേഷം പ്രതികളെ റെയിൽവേ പൊലീസിന് കൈമാറി. ഇവരിൽ നിന്ന് ഒരു നാടൻ പിസ്റ്റളും ഒരു വെടിയുണ്ടയും പൊലീസ് പിടിച്ചെടുത്തു.






