തിരുവനന്തപുരം: റോഡ് അപകടങ്ങളിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ‘ഗോൾഡൻ ഗോൾ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അപകടത്തിൽപ്പെടുന്നവർക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. അപകടം നടന്നാൽ മിനിറ്റുകൾക്കുള്ളിൽ പരിക്കിന്റെ സ്വഭാവം വിലയിരുത്തി അനുയോജ്യമായ ആശുപത്രിയിൽ എത്തിക്കുന്ന സംവിധാനമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്.
നിലവിൽ പ്രവർത്തിക്കുന്ന 108 ആംബുലൻസ് സേവനത്തിന് പുറമെ സർക്കാർ, സ്വകാര്യ മേഖലകളിലെ ആംബുലൻസുകളെയും പദ്ധതിയുടെ ഭാഗമാക്കും. ഇതിലൂടെ അപകടസ്ഥലത്തിന് ഏറ്റവും അടുത്തുള്ളതും ആവശ്യമായ ചികിത്സാ സൗകര്യങ്ങളുള്ളതുമായ ആശുപത്രിയിലേക്ക് പരിക്കേറ്റവരെ വേഗത്തിൽ എത്തിക്കാനാകും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ആരോഗ്യവകുപ്പിന്റെ ആലോചന. ആംബുലൻസുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജിപിഎസ് ട്രാക്കിങ്, ജിഐഎസ് മാപ്പിങ് തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളും പ്രയോജനപ്പെടുത്തും. അപകടത്തിന് ശേഷമുള്ള നിർണായക സമയനഷ്ടം ഒഴിവാക്കി മരണനിരക്ക് കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.



