കാലടി: സംസ്‌കൃത സര്‍വകലാശാലയിലെ പ്രതിഷേധത്തില്‍ 12 പേരെ തിരിച്ചെടുക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നേരത്തെ കാലടിയിലെ പ്രതിഷേധത്തില്‍ 16 പേരെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. അതേസമയം, സസ്‌പെന്‍ഷനിലുള്ള ശ്യാംജിത്ത്, ശ്രദ്ധ, കെ വി അഭിജിത്, അര്‍ച്ചന എന്നിവരെ തിരിച്ചെടുക്കില്ല.
സസ്‌പെന്‍ഷന്‍ ഉത്തരവ് ലംഘിച്ച് സര്‍വകലാശാല ക്യാംപസിനകത്ത് കയറി എന്ന കാരണത്താലാണ് നാലുപേര്‍ക്കെതിരായ നടപടി പിന്‍വലിക്കാത്തത്. നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ച വിദ്യാര്‍ത്ഥികള്‍ 12 പേരും സര്‍വകലാശാലയ്ക്ക് മാപ്പെഴുതി നല്‍കണമെന്ന നിബന്ധന സിന്‍ഡിക്കേറ്റ് മുന്നോട്ടു വെച്ചിട്ടുണ്ട്. പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ലെന്ന് സത്യവാങ്മൂലവും നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാൽ മാപ്പപേക്ഷ നൽകി തിരികെ കയറാനില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് നിലപാട് വ്യക്തമാക്കി. മാപ്പ് പറയൽ കീഴടങ്ങലാകും. വിദ്യാർത്ഥികൾ നിരാഹാര സമരം ഉടൻ തുടങ്ങുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.


