കൊച്ചി: ആലുവ ചൂണ്ടി-പുക്കാട്ടുപടി റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് 31 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ആലുവയിൽ നിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.
റോഡിലെ വീതികുറഞ്ഞ വളവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






