തിരുവനന്തപുരം: പേരൂർക്കടയിൽ വയോധികയെ വീട്ടുവളപ്പിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാംമൂട് പള്ളിവിള മിഥുനാലയത്തിൽ സുമതി (84)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം.
രണ്ടാമത്തെ മകൾ സുജാതയ്‌ക്കൊപ്പമാണ് സുമതി താമസിച്ചിരുന്നത്. രാവിലെ സുജാതയും മകളും വട്ടിയൂർക്കാവിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോൾ സുമതിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ പിറകുവശത്ത് മൃതദേഹം കണ്ടെത്തിയത്.
വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






