ആലപ്പുഴ: അമീബിക് മസ്‌തിഷ്‌ക ജ്വരം സംശയിച്ച് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 60 വയസ്സുകാരൻ നിരീക്ഷണത്തിൽ തുടരുന്നു. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉള്ളതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച മറ്റാരെയും സമാന രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ജില്ലയിൽ ഇതുവരെ ആറ് പേർക്കാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. നഴ്‌സ് ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടിട്ടുണ്ട്. നിലവിൽ രണ്ട് പേർ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലും, രണ്ട് പേർ കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രികളിലുമായി ചികിത്സയിലാണ്. രോഗചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.






