ബൊഗോട്ട: കൊളംബിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ സംഘർഷം ശക്തമാകുന്നതിനിടെ വെടിവെപ്പ് ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മുൻ മേയറും തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥിയായ അബെലാർഡോ ഡി ലാ എസ്പ്രിയേലയുടെ അടുത്ത അനുയായിയായ റോജേഴ്സ് ഡെവിയയും അദ്ദേഹത്തിന്റെ സഹായിയായ എഡർ കാർഡോണയുമാണ് കൊല്ലപ്പെട്ടത്.
തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ഏകദേശം 170 കിലോമീറ്റർ തെക്കുള്ള കുബറാൽ ഗ്രാമപ്രദേശത്താണ് അജ്ഞാത സംഘം ഇരുവരെയും ആക്രമിച്ചത്. 2020 മുതൽ 2023 വരെ റോജേഴ്സ് ഡെവിയ മേയറായിരുന്ന പ്രദേശമാണിതെന്നും റിപ്പോർട്ടുണ്ട്. മെയ് 31-ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. നാഷണൽ സാൽവേഷൻ മൂവ്‌മെന്റിന്റെ സ്ഥാനാർത്ഥിയായി അബെലാർഡോ ഡി ലാ എസ്പ്രിയേല മത്സരിക്കുന്നു.
ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികളിലെ അംഗങ്ങൾ ഉൾപ്പെടെ അരഡസനിലധികം സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. ആദ്യഘട്ട വോട്ടെടുപ്പിൽ ആരും 50 ശതമാനത്തിലധികം വോട്ട് നേടാത്തപക്ഷം, ഏറ്റവും കൂടുതൽ വോട്ട് നേടിയ രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ ജൂണിൽ രണ്ടാം ഘട്ട മത്സരം നടക്കും.കൊളംബിയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഈ ആക്രമണം രാജ്യത്ത് സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്.






