തിരുവനന്തപുരം: തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും തുടരുന്ന കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ജലനിരപ്പ് സംഭരണ ശേഷിയോട് അടുത്ത സാഹചര്യത്തിലാണ് നടപടി. ഇന്ന് (17.05.2026) രാവിലെ 11 മണിക്ക് ഡാമിന്റെ 1, 2, 5 നമ്പർ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം, ആകെ 30 സെന്റീമീറ്റർ ഉയർത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
കരമന നദിയുടെയും സമീപ ജലാശയങ്ങളുടെയും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ വ്യാപക മഴ തുടരുന്നതായും അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദം ശക്തമായതിനാലാണ് സംസ്ഥാനത്ത് മഴ ശക്തമായിരിക്കുന്നത്. വേനൽക്കാലത്തെ കടുത്ത ചൂടിന് പിന്നാലെ സംസ്ഥാനത്ത് മഴ വ്യാപകമായി ലഭിക്കുന്ന സാഹചര്യമാണിത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പ്രകാരം മെയ് 20 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര, തീരദേശ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.






