ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിൽ നിന്ന് കവർന്നെടുത്ത സ്വർണ ആഭരണങ്ങൾ തിരിച്ചറിയാനാകാത്ത വിധത്തിൽ ഉരുക്കി സ്വർണ ബിസ്കറ്റുകളാക്കി മാറ്റിയിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇന്ത്യാ ടുഡേ ടിവി റിപ്പോർട്ട് പ്രകാരമാണ് ഈ വിവരം പുറത്തുവന്നത്.
മോഷണം പോയതായി കരുതുന്ന ആഭരണങ്ങൾ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇത്തരമൊരു സംശയത്തിലേക്ക് എത്തിയിരിക്കുന്നത്. ആഭരണങ്ങൾ ഉരുക്കി അവയുടെ ഉറവിടം മറച്ചുവെക്കാൻ പ്രതികൾ ശ്രമിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
ക്ഷേത്രത്തിലെ സ്വർണ-വെള്ളി വഴിപാടുകളുടെ സൂക്ഷിപ്പ്, രേഖപ്പെടുത്തൽ, കൈകാര്യം എന്നിവ സംബന്ധിച്ച് അന്വേഷണ സംഘം വിശദമായ പരിശോധന തുടരുകയാണ്. സർക്കാർ നിയന്ത്രണത്തിലുള്ള മിൻ്റ് (Printing and Minting Corporation of India)-യുമായി നടത്തിയ ഇടപാടുകളുടെ രേഖകളും ബാങ്ക് ഇടപാടുകളും ഉൾപ്പെടെ പരിശോധിച്ചുവരുന്നു.
ഭക്തർ സമർപ്പിച്ച വിലപിടിപ്പുള്ള ലോഹങ്ങളുടെ അളവ്, മൂല്യം, സ്റ്റോക്ക് എന്നിവ സംബന്ധിച്ച വിശദമായ രേഖകൾ ട്രസ്റ്റ് യോഗങ്ങളിൽ സ്ഥിരമായി ഉൾപ്പെടുത്തിയിരുന്നില്ലെന്നും അന്വേഷണത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ, 9.44 ക്വിന്റൽ വെള്ളി പരിശോധനയ്ക്കായി മിന്റിലേക്ക് അയച്ചിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു.
ക്ഷേത്രത്തിന് ഏകദേശം 13 ക്വിന്റൽ വെള്ളിയും 20 കിലോഗ്രാം സ്വർണവും ലഭിച്ചതായി മുൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ കണക്കുകളും യഥാർത്ഥ സ്റ്റോക്കും തമ്മിൽ വ്യത്യാസമുണ്ടോയെന്ന കാര്യവും പരിശോധിക്കുകയാണ്.
ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രധാന പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരുന്നതായും അന്വേഷണ സംഘം അറിയിച്ചു. ട്രസ്റ്റ് മുൻ ഭാരവാഹികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.


