മലപ്പുറം: പൂക്കുളത്തൂരിൽ യുവാവിനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ചെങ്ങര സ്വദേശിയായ മുഹമ്മദ് അൽഫാദിനെയാണ് നാലംഗ സംഘം ബലമായി കാറിൽ കയറ്റി കൊണ്ടുപോയതെന്ന് ബന്ധുക്കൾ മഞ്ചേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി ഏകദേശം 11.30ഓടെയാണ് പൂക്കുളത്തൂരിൽ വെച്ച് അൽഫാദ് സഞ്ചരിച്ച കാർ ഇന്നോവയിലെത്തിയ സംഘം തടഞ്ഞത്. നാട്ടുകാർ നോക്കി നിൽക്കേ അൽഫാദിനെ കാറിൽ നിന്ന് പുറത്തിറക്കി മർദ്ദിച്ച് ബലമായി തട്ടിക്കൊണ്ടുപോയതായാണ് വിവരം. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും സംഘം യുവാവുമായി കടന്നുകളഞ്ഞിരുന്നു.
അൽഫാദ് സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പട്ടാമ്പി സ്വദേശിയുടേതാണ് കാർ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
അൽഫാദിനെതിരെ കോഴിക്കോട് സിറ്റി പോലീസ് ലിമിറ്റിലും മഞ്ചേരി പോലീസ് സ്റ്റേഷനിലും അടിപിടി കേസുകൾ നിലവിലുണ്ടെന്നും, ഇതുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നതും പോലീസ് പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു.






