ബാഗ്ഡോഗ്രയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ തന്റെ മൂന്ന് വയസ്സുള്ള കുട്ടിയെ തനിക്കു നിന്ന് മാറ്റി ഇരുത്തിയെന്ന ആരോപണവുമായി നാഗ്പൂർ സ്വദേശിയായ അഭിഭാഷകൻ രംഗത്തെത്തി. ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഗൗരവ് മിശ്ര ഈ അനുഭവം പങ്കുവച്ചത്.
ഒരേ ബുക്കിംഗിലും പി.എൻ.ആറിലും യാത്ര ചെയ്തിട്ടും എയർലൈൻ കുടുംബത്തിന് വേർതിരിച്ച സീറ്റുകളാണ് നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. സീറ്റ് തിരഞ്ഞെടുക്കുന്നതിനായി അധിക തുക നൽകാത്തതിനാലാണ് മൂന്ന് വയസ്സുള്ള കുട്ടിയെ ഒറ്റയ്ക്ക് ഇരുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാഗ്ഡോഗ്ര–കൊൽക്കത്ത റൂട്ടിൽ കടുത്ത ടർബുലൻസ് ഉണ്ടാകാറുള്ള സാഹചര്യത്തിൽ, കുട്ടിയെ മാതാപിതാക്കളുടെ അടുത്തില്ലാതെ ഇരുത്തിയത് ആശങ്കയുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.
മൂന്ന് ടിക്കറ്റുകൾക്കായി 43,900 രൂപ നൽകിയിട്ടും ഇത്തരം സീറ്റ് ക്രമീകരണമാണ് ലഭിച്ചതെന്നും, ഇത് ഡി.ജി.സി.എയുടെ 2024-ലെ എയർ ട്രാൻസ്പോർട്ട് സർക്കുലർ 01-ലെ റൂൾ 3.15 ലംഘനമാണെന്നും അദ്ദേഹം ആരോപിക്കുന്നു. യാത്രയിലുടനീളം കുട്ടി മാനസികമായി വിഷമിച്ചുവെന്നും പോസ്റ്റിൽ പറയുന്നു.
അതേസമയം, ഇൻഡിഗോ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. യാത്രക്കിടെ ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായി എയർലൈൻ അറിയിച്ചു. ആദ്യ ഘട്ടത്തിൽ 29A, 29B സീറ്റുകളിൽ മറ്റൊരു അമ്മയും കുട്ടിയുമാണ് ഉണ്ടായിരുന്നതെന്നും, മിശ്രയുടെ കുടുംബത്തിന് 29C, 29D സീറ്റുകളാണ് ലഭിച്ചതെന്നും ഇൻഡിഗോ വിശദീകരിച്ചു. തുടർന്ന് 28A, 28B സീറ്റുകളിലേക്ക് മാറ്റം നൽകിയിരുന്നുവെന്നും കമ്പനി അറിയിച്ചു.
എങ്കിലും ഈ ക്രമീകരണം യാത്രക്കാരന് ബുദ്ധിമുട്ടുണ്ടാക്കിയതായി മനസ്സിലാക്കുന്നുവെന്നും ഫീഡ്ബാക്ക് ബന്ധപ്പെട്ട ടീമിന് കൈമാറിയിട്ടുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി. മിശ്രയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും മറ്റൊരു കോൺടാക്ട് നമ്പർ നൽകണമെന്ന് എയർലൈൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
സംഭവം സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയും യാത്രക്കാരുടെ സൗകര്യവും എയർലൈൻ മുൻഗണന നൽകേണ്ടതാണെന്ന അഭിപ്രായമാണ് പലരും പങ്കുവെക്കുന്നത്.





