കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ഉൾപ്പാർട്ടി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, പാർട്ടിയുടെ പേരിലും ചിഹ്നത്തിലും അവകാശവാദവുമായി വിമതവിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് ഋതബ്രതാ ബാനർജിയുടെ നേതൃത്വത്തിലുള്ള ഒൻപത് വിമത എംഎൽഎമാരാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലെത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയത്.
നിയമസഭാ കക്ഷിയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും, അതിനാൽ യഥാർഥ ടിഎംസി തങ്ങളാണെന്നും വിമത വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. കൂടാതെ, കൗൺസിലർമാരുടെയും ജില്ലാ പരിഷത്ത് അംഗങ്ങളുടെയും ഭൂരിപക്ഷ പിന്തുണയും തങ്ങൾക്കുണ്ടെന്ന് ഋതബ്രതാ ബാനർജി അവകാശപ്പെട്ടു.
വിമത വിഭാഗത്തിന്റെ ഹർജി വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫുൾ ബെഞ്ച് പരിഗണിക്കും.
പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് ടിഎംസിയിൽ ഉൾപ്പാർട്ടി ഭിന്നത രൂക്ഷമായത്. നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പിന്നീട് സംഘടിത വിമത നീക്കമായി വളരുകയായിരുന്നു.
തുടർന്ന് ലോക്സഭയിലെയും രാജ്യസഭയിലെയും ചില അംഗങ്ങളും മമത ബാനർജിയുടെ നേതൃത്വത്തിൽ നിന്ന് അകന്നതായാണ് റിപ്പോർട്ടുകൾ. പാർട്ടിയുടെ സ്ഥാപക നേതാവായ മമത ബാനർജി തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഇപ്പോൾ നേരിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.




