കുവൈത്ത് സിറ്റി: കമ്പനി പങ്കാളികൾക്ക് സ്വന്തം വർക്ക് പെർമിറ്റ് ഓൺലൈനായി പുതുക്കാൻ കഴിയുന്ന പുതിയ ഇ-സേവനം കുവൈത്ത് മാനവശേഷി അതോറിറ്റി ആരംഭിച്ചു. സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിനായാണ് ‘അസ്ഹൽ’ ഓൺലൈൻ പോർട്ടലിലൂടെ പുതിയ സംവിധാനം നടപ്പാക്കിയത്.
ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് ഈ സേവനം ആരംഭിച്ചതെന്ന് അതോറിറ്റി ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. പുതിയ സംവിധാനത്തിലൂടെ കമ്പനി പങ്കാളികൾക്ക് സർവീസ് സെന്ററുകളിൽ നേരിട്ട് പോകാതെയും ഓഫീസ് നടപടികൾക്കായി കാത്തിരിക്കാതെയും വർക്ക് പെർമിറ്റ് പുതുക്കാനാകും.
‘അസ്ഹൽ’ പോർട്ടലിൽ പ്രവേശിച്ച് സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമായ സംവിധാനത്തിലൂടെ അപേക്ഷാ നടപടികൾ പൂർത്തിയാക്കാമെന്ന് അധികൃതർ അറിയിച്ചു. സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ പുതിയ ഡിജിറ്റൽ ഇന്റർഫേസും ഒരുക്കിയിട്ടുണ്ട്.
ഇലക്ട്രോണിക് സേവനങ്ങൾ വികസിപ്പിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. ഇടപാടുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് മാനവശേഷി അതോറിറ്റി വ്യക്തമാക്കി.






