ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ചെപ്പോക്കില്‍ കളിക്കാനിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ഒരേയൊരു ലക്ഷ്യം പ്ലേ ഓഫ് മാത്രമാണ്. ജയിച്ചാല്‍ ഹൈദരാബാദിന് ഏറെക്കുറെ വഴി എളുപ്പമാകും. തോറ്റാല്‍ മറ്റുള്ളവരുടെ പ്രകടനം കൂടി ആശ്രയിക്കേണ്ട അവസ്ഥയിലുമാകും. എന്നാല്‍ ചെന്നൈയ്ക്ക് ജയം മാത്രമാണ് വേണ്ടത്. ഒരുപക്ഷെ, തോറ്റാൽ പുറത്തേക്കുള്ള വാതിൽ തുറന്നേക്കും.
നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മാത്രമാണ് പ്ലേ ഓഫില്‍ കടന്നത്. മറ്റുള്ള മൂന്നു സ്ഥാനങ്ങളിലേക്കും പോരാട്ടം കഠിനമാണ്. സീസണിലെ അവസാന ഹോം മത്സരത്തിൽ ധോണി കളിക്കുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ. തന്‍റെ കരിയറിലെ അവസാന ടി20 മത്സരം ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചായിരിക്കുമെന്ന് മുൻപ് ധോണി സൂചിപ്പിച്ചിരുന്നു. ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തിന് ശേഷം, ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് അടുത്ത മത്സരം. രണ്ടും ജയിക്കുക വഴി മാത്രമേ പ്ലേ ഓഫ് സ്വപ്‌നം പൂവണിയൂ.
നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള ചെന്നൈ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. സഞ്ജു സാംസൺ, റുതുരാജ് ഗെയക്‌വാദ് ഓപ്പണിംഗ് ജോഡിയിൽ പ്രതീക്ഷവെക്കുമ്പോഴും ഇരുവരും ഒരുമിച്ച് തിളങ്ങുന്നില്ലെന്നതും കുറഞ്ഞ സ്ട്രൈക്ക് റേറ്റും ചെന്നൈക്ക് തലവേദനയാകുന്നു. പതിനാല് പോയിന്‍റുളള ഹൈദരാബാദിനും പ്ലേ ഓഫിലെത്താൻ ജയം അനിവാര്യമാണ്. അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ എന്നിവരെ ആശ്രയിച്ചാണ് ഹൈദരബാദിന്‍റെ നിലനിൽപ്. ഇവരിൽ രണ്ടുപേരെങ്കിലും ക്രീസിലുറച്ചാൽ കാര്യങ്ങൾ എളുപ്പമാകും. ആര് പ്ലേ ഓഫിലെത്തുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.






