കോഴിക്കോട്: ദേശീയപാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് നടവയൽ വെളിയമ്പം കൈതത്തറ സ്വദേശി അരുണ്‍ സജി (26) ആണ് മരിച്ചത്.
അപകടത്തിൽ അരുണിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് മനു പോളിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.45 ഓടെയായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കിൽ കോഴിക്കോട് ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. ബൈക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


