മലപ്പുറം: വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകിയെന്നും പരാതിയിൽ യുവാവ് അറസ്റ്റിലായി. കണ്ണൂർ കാരകുണ്ട് സ്വദേശി അലി അക്ബർ (36) ആണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്.
വിവാഹബന്ധം വേർപെടുത്തിയ യുവതിയുമായി പ്രതി അടുപ്പം സ്ഥാപിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. യുവതിയുടെ ആദ്യ വിവാഹത്തിലെ മകളെ സംരക്ഷിക്കാമെന്നും ഇയാൾ ഉറപ്പ് നൽകിയിരുന്നു. ഈ വിശ്വാസം മുതലെടുത്ത് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി.
പീഡനത്തെ തുടർന്ന് യുവതി ഗർഭിണിയായെന്നും പിന്നീട് പ്രതി നൽകിയ മരുന്ന് കഴിച്ചതോടെ ഗർഭം അലസിപ്പോയെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അലി അക്ബർ പിടിയിലായത്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി പ്രതിയെ തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു.



