ആലപ്പുഴ: വർഷങ്ങൾക്കു മുൻപാണ്. പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ പശുക്കിടാവിന്റെ ലേലം നടക്കുന്നു. വിളിക്കാനെത്തിയവരുടെ കൂട്ടത്തിൽ ഒൻപതാം ക്ളാസുകാരനായ ശ്രീക്കുട്ടനുമുണ്ടായിരുന്നു. എല്ലാവരുടെയും ശ്രദ്ധ ആ പയ്യനിലേക്ക്. ശ്രീക്കുട്ടൻ ലേലം വിളിച്ചു; വിളിച്ചു; 1,500 രൂപ. വിഷുക്കൈനീട്ടമായും മറ്റും കിട്ടിയ പണമായിരുന്നു കൈമുതൽ. ലേലത്തുക അതുംകടന്നു മുന്നേറിയപ്പോൾ ക്ഷേത്രം പ്രസിഡന്റ് ഇടപെട്ടു. കിടാവിനെ 2,000 രൂപയ്ക്ക് കൊടുക്കാൻ ധാരണയായി. ആ പശുക്കിടാവ് ‘നന്ദിനി’യെന്ന പേരിൽ ശ്രീക്കുട്ടനൊപ്പം വളർന്നു. നന്ദിനിയുടെ തലമുറ സമൃദ്ധിയുടെ പാൽ ചുരത്തി. ഇന്ന് ഇരുപത്തിയാറുകാരനായ ശ്രീക്കുട്ടന് എട്ടു പശുക്കൾ; പിന്നെ കോഴികളും താറാവുകളും. മാസവരുമാനം അരലക്ഷത്തിനുമേൽ.കാവുങ്കൽ ശ്രീമംഗലം ശ്രീക്കുട്ടൻ എന്ന നിധിൻ ബാബു സ്കൂൾപഠനത്തിനൊപ്പം പശുവളർത്തലും മറ്റൊരു ജീവിതപാഠമാക്കിയതാണ് വഴിത്തിരിവായത്. പാലു മാത്രമല്ല ചാണകവും വരുമാനമാക്കി. ബിരുദത്തിനു ചേർത്തല എൻ.എസ്.എസ്. കോളേജിൽ ചേർന്നപ്പോൾ പ്രശ്നമായി. പശുവിനെ നന്നായി നോക്കാനാകുന്നില്ല. പിന്നൊന്നും ചിന്തിച്ചില്ല, പഠനം ഉപേക്ഷിച്ചു. പകരം സമീപത്തെ സമാന്തര കോളേജിൽ ബിരുദത്തിനു ചേർന്നു. സോഷ്യോളജിയിൽ ബിരുദം നേടി. അപ്പോഴേക്കും പശുക്കളുടെ എണ്ണം എട്ടായി.
ഒറ്റമുറി വീടിന്റെ പരാധീനതകളെ മറികടന്ന് നാലു കിടപ്പുമുറികളുള്ള വീടു പണിതു. സഹോദരി നീനുവിന്റെ വിവാഹത്തിനും കാര്യമായി സഹായിക്കാനായി. ട്യൂട്ടോറിയൽ കോളേജ് അധ്യാപികയായ അമ്മ അനിതകുമാരിയും അച്ഛൻ ബാബുവും പിന്തുണയുമായി ഒപ്പമുണ്ട്. അച്ഛന് അർബുദം ബാധിച്ചപ്പോൾ അല്പം പതറി. എങ്കിലും, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാനായതിന്റെ സംതൃപ്തിയിലാണ് ശ്രീക്കുട്ടൻ.
പശുവളർത്തലിനൊപ്പം കോഴി, താറാവു കൃഷിയുമുണ്ട്. 100 കോഴിയും 25 താറാവുമാണുള്ളത്. ഇവയുടെ കുഞ്ഞുങ്ങളുടെ വിൽപ്പനയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. തീറ്റപ്പുൽ, പച്ചക്കറി കൃഷിയുമുണ്ട്. ഒരു ഹൈടെക് ഫാം, അതാണ് ശ്രീക്കുട്ടന്റെ അടുത്ത സ്വപ്നം. അതിനായി പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി വഴി ശ്രമം തുടങ്ങിക്കഴിഞ്ഞു


