മഞ്ഞപ്ര: ഗവ. ഹൈസ്കൂളിന് സമീപത്തെ പ്രധാന റോഡിലുള്ള കനാൽ കലുങ്ക് പാലത്തിന്റെ കൈവരി തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. മൂന്ന് റോഡുകൾ സംഗമിക്കുന്ന ഭാഗത്തെ കലുങ്കാണ് മാസങ്ങളായി തകർന്ന നിലയിൽ തുടരുന്നത്.
കൈതാങ്ങായി സ്ഥാപിച്ചിരുന്ന കൈവരി തകർന്നതോടെ പാലത്തിലൂടെയുള്ള വാഹനയാത്രയും കാൽനടയാത്രയും അപകടസാധ്യത നിറഞ്ഞതായി. പാലത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നിരവധി തവണ ബന്ധപ്പെട്ട അധികാരികൾക്ക് രേഖാമൂലം പരാതി നൽകിയിട്ടും അറ്റകുറ്റപ്പണികൾക്കായി നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അധികൃതർ സ്ഥലം സന്ദർശിച്ച് അപകടാവസ്ഥ നേരിട്ട് ബോധ്യപ്പെട്ടിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നും പരാതിയുണ്ട്.
കൈവരി തകർന്നതിനെ തുടർന്ന് ഈ വളവിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. എന്നിട്ടും വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള അപായസൂചനാ ബോർഡ് പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. അപകടങ്ങൾ ഒഴിവാക്കുന്നതിനായി വഴിയോരക്കച്ചവടക്കാരുടെ തട്ടും മേശയും നാട്ടുകാർ തന്നെ റോഡരികിൽ നിന്ന് മാറ്റിവെച്ചിരിക്കുകയാണ്.
പ്രശ്നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഇന്ദിരാഗാന്ധി കൾച്ചറൽ ഫോറം ഭാരവാഹികൾ കഴിഞ്ഞ ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിൽക്കണ്ട് വീണ്ടും പരാതി അറിയിച്ചു.
നിലവിലെ അറ്റകുറ്റപ്പണികൾക്കൊപ്പം കലുങ്കിന്റെ വീതി വർധിപ്പിച്ച് പുതുക്കിപ്പണിയണമെന്ന ആവശ്യവും ശക്തമാണ്. കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് അധികൃതർ അടിയന്തരമായി ഇടപെട്ട് സുരക്ഷാ നടപടികളും പുനർനിർമാണ പ്രവർത്തനങ്ങളും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം


