തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായി എത്തിയ രോഗി മരിച്ച സംഭവത്തിൽ ഡിഎംഒ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
അന്വേഷണത്തിനായി ഡെപ്യൂട്ടി ഡിഎംഒയെ നിയോഗിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. മരിച്ച രോഗിയുടെ ബന്ധുക്കൾ, ആശുപത്രി സൂപ്രണ്ട്, ഡോക്ടർമാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തണം. ചികിത്സാ രേഖകൾ പരിശോധിച്ച് മരണകാരണം കണ്ടെത്തണമെന്നും നിർദേശത്തിൽ പറയുന്നു.
ആരുടെയെങ്കിലും ഭാഗത്തെ വീഴ്ചയാണ് മരണത്തിന് കാരണമായതെന്ന് പരിശോധിച്ച് സമഗ്രമായ റിപ്പോർട്ട് ഒരു മാസത്തിനകം കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ആശുപത്രി സൂപ്രണ്ട് പ്രത്യേകം റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ജോലി സ്ഥലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാജേഷ് (52) എന്നയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
രാജേഷിനെ ആശുപത്രിയിലെത്തിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നവർ പറഞ്ഞ കാര്യങ്ങൾ സെക്യൂരിറ്റി ജീവനക്കാരൻ പരിഗണിച്ചില്ലെന്നും ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. തുടർന്ന് വേദനയോടെ രാജേഷ് ക്യൂവിൽ നിൽക്കുകയും പിന്നീട് കസേരയിൽ ഇരുത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു.
തുടർന്ന് ഡോക്ടർ എത്തി പരിശോധിക്കുകയും ഇസിജി എടുത്ത ശേഷം ഹൃദയാഘാതമാണെന്ന് അറിയിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ചയുണ്ടായെന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ വെച്ച് രാജേഷ് മരിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിന് പിന്നാലെ ആശുപത്രി അധികൃതരും ബന്ധുക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. നെയ്യാറ്റിൻകര ഡിവൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബന്ധുക്കളുമായി സംസാരിച്ചു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു.


